ഡൽഹി: രാജ്യതലസ്ഥാനത്ത് വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. വായു ഗുണനിലവാര സൂചിക 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ്-3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ്-4 ഡീസല്‍ എന്ജിന് വാഹനങ്ങൾക്കുമാണ് നിരോധനം.
അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ട്. വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.